മീൻ കറി ഇഷ്ടപെടുന്നവരാണോ നിങ്ങൾ. എങ്കിൽ രാവിലെ ഈ കറി ഉണ്ടാക്കിയാൽ ഉച്ചക്ക് ചോറിനും ഇത് തന്നെ മതി. തിരക്കുള്ള ദിവസങ്ങളിൽ ഇങ്ങനെ ചെയ്യുന്നതായിരിക്കും എളുപ്പം. നമുക്ക് സാധാരണയായി ലഭിക്കുന്ന മത്സ്യമാണ് മാന്തൾ. മാന്തൾ കൊണ്ട് താഴെ വിവരിക്കുന്ന രൂപത്തിൽ കറി ഉണ്ടാക്കിയാൽ നിങ്ങൾക്ക് ഉച്ചക്ക് വേറെ ഒരു കറിയുടെ ആവശ്യം ഉണ്ടാവില്ല. സമയമില്ലാത്തപ്പോഴും തിരക്കുള്ള
ദിവസങ്ങളിലും ഇങ്ങനെ എളുപ്പത്തിൽ മാന്തൾ കറി ഉണ്ടാക്കാം. അടുപ്പത്ത് ചട്ടി വെച്ച് എണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോൾ അതിലേക്ക് കുറച്ച് ചുവന്നുള്ളിയും 3 തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞ ഇഞ്ചിയും മിതവലിപ്പത്തിൽ ഉള്ള 10 വെളുത്തുള്ളിയും രണ്ട് പച്ചമുളകും ചേർത്ത് മിക്സ് ചെയ്ത് നന്നായി വഴറ്റുക. ഈ കറിയിൽ നമ്മൾ പുളിയൊന്നും ചേർക്കുന്നില്ല. പകരം അതിലേക്ക് 3 വലിയ തക്കാളി മുറിച്ചു ചേർത്താൽ
മതി. തക്കാളി വഴറ്റി നല്ല സോഫ്റ്റായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾസ്പൂൺ കാശ്മീരീ മുളകുപൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും അര ടേബിൾസ്പൂൺ മഞ്ഞൾപൊടിയും കുറച്ചു പെരുംജീരകം പിടിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്തു അടുപ്പിൽ നിന്ന് ഇറക്കി വെക്കാം. ഇത് തണുക്കുമ്പോൾ മിക്സിയിൽ ഇട്ട് അരച്ചെടുക്കണം. ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിക്കുക. അതിലേക്ക് കുറച്ച് കറിവേപ്പില
കൂടെ ചേർത്ത ശേഷം നമ്മൾ നേരത്തെ അരച്ചുവെച്ച കൂട്ട് ഒഴിച്ചു മിക്സ് ചെയ്യുക. കുറച്ചു വെള്ളവും നേരത്തെ ക്ലീൻ ചെയ്ത് വച്ച മത്സ്യവും ചേർത്ത് മൂന്നോ നാലോ മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. മീൻ വെന്തുവന്ന ശേഷം ഒരു മുക്കാൽ കപ്പ് തേങ്ങാപ്പാൽ കൂടി ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് ഇറക്കിയാൽ മതി. അസ്സൽ മീൻകറി റെഡി. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. credit : Ladies planet By Ramshi