Thakkali Chutney Malayalam Recipe malayalam : ജോലിക്ക് പോവുന്ന വീട്ടമ്മയാണോ നിങ്ങൾ? സ്ഥിരം താമസിച്ചു എത്തുന്നതിന് മാനേജർ വഴക്ക് പറയാറുണ്ടോ? അപ്പോൾ തീന്മേശയിൽ മുഖം ചുളുക്കി ഇരിക്കുന്ന വീട്ടിൽ ഉള്ളവരുടെ മുഖവും കൂടി ഓർക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോവും അല്ലേ.അങ്ങനെയുള്ള വീട്ടമ്മമാർക്കുള്ള ഒരു കിടിലം റെസിപി ആണ് ഇത്. രണ്ടാഴ്ച വരെ കേടു കൂടാതെ ഇരിക്കുന്ന, ദോശയ്ക്കും ഇഡ്ഡലിയ്ക്കും ഒപ്പം കഴിക്കാൻ പറ്റുന്ന ഒരു കിടിലം തക്കാളി ചട്ണി.
നാലേ നാല് തക്കാളി മതി ഈ തക്കാളി ചട്ണി ഉണ്ടാക്കാനായിട്ട്. ആദ്യം തന്നെ ചൂടായ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ആറോ ഏഴോ വെളുത്തുള്ളി ഇട്ട് മൂപ്പിക്കണം. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ഇതേ എണ്ണയിൽ ആറു വറ്റൽ മുളക് മൂപ്പിക്കണം. വെളുത്തുള്ളിയുടെ ഒപ്പാവും മറ്റേ പാത്രത്തിലേക്ക് ഈ വറുത്ത മുളക് കോരിയെടുക്കാം. ഇതേ എണ്ണയിൽ തന്നെ ഒരു സവാള ചെറുതായി അരിഞ്ഞു നന്നായിട്ട് വഴറ്റണം. ഇത് ഒരു വശത്തേക്ക് മാറ്റിയിട്ട് രണ്ട് തണ്ട് കറിവേപ്പില മൂപ്പിക്കാം.

നാല് തക്കാളി ചെറുതായി അരിഞ്ഞ് ഇതിലേക്ക് ചേർത്തിട്ട് അടച്ചു വച്ച് വേവിക്കണം. രണ്ടു മിനിറ്റ് കഴിയുമ്പോൾ തക്കാളി തിരിച്ചിട്ട് വേവിക്കാം. ഇത് എങ്ങനെ എന്നറിയാൻ വീഡിയോ കാണാം. ഇതിലേക്ക് അൽപം മഞ്ഞൾ പൊടി, അൽപം കായപ്പൊടി എന്നിവ ചേർത്ത് വഴറ്റണം. എല്ലാം കൂടി നന്നായിട്ട് യോജിപ്പിക്കണം. ആവശ്യത്തിന് ഉപ്പും ചേർക്കാം.
നമ്മൾ വറുത്ത് വച്ചിരിക്കുന്ന മുളകും വെളുത്തുള്ളിയും ചേർത്ത് നന്നായിട്ട് ഉടച്ചു കുഴച്ചെടുക്കണം.നല്ല രുചികരമായ തക്കാളി ചട്ണി റെഡി. ഇനി ആരുടെയും ദുർമുഖം കാണേണ്ടി വരില്ല. സമയത്തിന് ഓഫീസിലും ചെന്നു കയറാം. തക്കാളി ചട്ണി ഉണ്ടാക്കുന്നതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വീഡിയോ കണ്ടു നോക്കിയാൽ മതി. Video Credit: Bismi Kitchen