വാക്കുകളിടറി മോഹൻലാൽ, സിദ്ധാർത്ഥിനെ ചേർത്ത് പിടിച്ച് ദിലീപ്.. ലളിത ചേച്ചിയെ ഒരു നോക്കുകാണാൻ എത്തി സിനിമാലോകം.!!

സിനിമാലോകത്തിന് ഇന്ന് കണ്ണീരിൽ കുതിർന്ന ദിനമാണ്. മലയാളികളുടെ പ്രിയപ്പെട്ട ലളിത ചേച്ചി നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നു. അസുഖബാധിതയായതിനെത്തുടർന്ന് കുറച്ച് നാളുകളായി കെപിഎസി ലളിത ചികിത്സയിൽ കഴിയുകയായിരുന്നു. തൃപ്പൂണിത്തുറയിലെ മകന്റെ ഫ്‌ളാറ്റിൽ വെച്ചായിരുന്നു അന്ത്യം. തങ്ങളുടെ പ്രിയപ്പെട്ട ലളിത ചേച്ചിയെ ഒരുനോക്ക് കാണാൻ തൃപ്പൂണിത്തുറയിലെ വസതിയിലേക്ക് സഹപ്രവർത്തകരുടെ ഒഴുക്കാണ്.

ലളിത ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാൻ നടൻ മോഹൻലാലും ദിലീപും എത്തി. കാവ്യക്കൊപ്പമാണ് ദിലീപ് ലളിത ചേച്ചിയെ കാണാൻ എത്തിയത്. കറുത്ത വേഷം ധരിച്ചാണ് മോഹൻലാലും ദിലീപും കാവ്യയും അവരുടെ പ്രിയപ്പെട്ട ലളിത ചേച്ചിയെ കാണാൻ സിദ്ധാർത്ഥ് ഭരതന്റെ ഫ്‌ളാറ്റിലേക്ക് ഇവർ എത്തിയത്. കെപിഎസി ലളിതയുടെ മകൻ സിദ്ധാർഥ് ഭരതനെ ദിലീപ് ചേർ‌ത്തണച്ച് ആശ്വസിപ്പിച്ചു. വികാരഭരിതമായിരുന്നു മോഹൻലാൽ എത്തിയ നിമിഷം.

നഷ്ടമായത് സ്വന്തം ചേച്ചിയെന്നാണ് മോഹൻലാൽ പറഞ്ഞത്. ലളിത ചേച്ചിയുടെ കൂടെ ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിക്കാൻ സാധിച്ചെന്നും മോഹൻലാൽ അനുസ്മരിച്ചു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. ‘ഉണ്ണികൃഷ്ണൻ ഒപ്പമുള്ളതുകൊണ്ട് അമ്മ മഴക്കാറിന്… എന്ന ഗാനമാണ് ഇപ്പോൾ ഓർമയിൽ വരുന്നത്..’ എന്ന് മോഹൻലാൽ പറഞ്ഞു. അസുഖബാധിതയായിരുന്ന സമയത്ത് ലളിത ചേച്ചിയെ കാണാൻ സാധിച്ചില്ലെന്നും ഫോണിൽ കൂടി സംസാരിച്ചിരുന്നു എന്നും

മോഹൻലാൽ പറഞ്ഞു. 1969ൽ ഇറങ്ങിയ കെ.എസ്.സേതുമാധവൻറെ ‘കൂട്ടുകുടുംബ’മാണ് കെപിഎസി ലളിതയുടെ ആദ്യചിത്രം. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും കെപിഎസി ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. 550ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള കെപിഎസി ലളിതയുടെ വിയോഗത്തിന്റെ വേദനയിലാണ് സിനിമാ ലോകം. ആർക്കും നികത്താനാകാത്ത വിടവ് മലയാള സിനിമയിൽ അവശേഷിപ്പിച്ച് ലളിത ചേച്ചി വിടവാങ്ങിയിരിക്കുകയാണ്.