വിനീതും കല്യാണിയും പ്രണവും , ദർശന എവിടെയെന്ന് ആരാധകർ.. ‘ഹൃദയം’ കുടുംബത്തിന്റെ ചിത്രവുമായി വിശാഖ്.!!

കുറെ നാളുകൾക്ക് ശേഷം മലയാളികൾ ഒന്നാകെ നെഞ്ചിലേറ്റിയ മനോഹരമായ ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസൻ എന്ന സംവിധായന്റെ മാജിക്കിൽ പിറന്ന ചിത്രം ഇപ്പോഴും നിറഞ്ഞ സദസുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ ചേർന്ന് മനോഹരമാക്കിയ ഹൃദയം ആരാധകർക്ക് വളരെ പ്രിയപ്പെട്ടതാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവിന്റെ ഒരു ഇൻസ്റ്റ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിച്ചത്. ‘ഹൃദയം’ കുടുംബം ഒരുമിച്ച് കൂടിയ ചിത്രമാണ് വിശാഖ് സുബ്രഹ്‌മണ്യം പങ്ക് വച്ചത്. ഒട്ടനവധി ആരാധകരാണ് ചിത്രത്തിന് മറുപടിയുമായി എത്തിയത്. ഇതേ ടീം വീണ്ടും ഒന്നിക്കണമെന്ന് ഒരു ആരാധകൻ കമെന്റിൽ കുറിച്ചു. ആ ചിത്രത്തിൽ സംവിധായകന്റെ റോൾ മാത്രം പോരാ, വിനീത് അഭിനയിക്കണമെന്നും ആരാധകൻ പറയുന്നു.

‘ഹൃദയം’ കുടുംബത്തിന്റെ ചിത്രത്തിൽ ദർശനയെ കാണാത്തതിന്റെ നീരസവും ആരാധകർ പ്രകടിപ്പിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും കുടുംബവും, പ്രണവും അമ്മ സുചിത്രയും, കല്യാണി പ്രിയദർശനുമൊക്കെ ചേരുന്നതാണ് വിശാഖ് സുബ്രഹ്‌മണ്യം പങ്ക് വച്ച ചിത്രം. ഇതോടെ കല്യാണിയേയും പ്രണവിനെയും വീണ്ടും ഒന്നിച്ച് കണ്ടതിന്റെ ത്രില്ലിലായി ആരാധകർ. തമാശകൾ നിറഞ്ഞ രാത്രി, കുടുംബം എന്നീ ഹാഷ്ടാഗോടെയാണ് വിശാഖ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

‘ഹൃദയം’ 20-ാം ദിവസത്തിലേക്ക് കടന്നതിന്റെ സന്തോഷം പ്രണവ് മോഹൻലാലും പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം പേജിൽ ഹൃദയത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തു കൊണ്ടാണ് പ്രണവ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരു ചിത്രം പുറത്തിറങ്ങുന്നത്. പാട്ടുകൾക്ക് വളരെയധികം പ്രാധാന്യമുള്ള ‘ഹൃദയം’ ഒന്നിൽ കൂടുതൽ വട്ടം തിയേറ്ററിൽ കണ്ടവർ ഏറെയാണ്. ചിത്രത്തിലെ പാട്ടുകളൊക്കെ ആളുകളെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് കഴിഞ്ഞു .