ചാക്കോച്ചന് സർക്കാർ ജോലി സെറ്റ് ആയി, അതും കർണാടകയിൽ !!! അഭിനയം നിർത്തേണ്ടി വരുമോയെന്ന് ആരാധകർ ?

കർണാടക സ്കൂൾ പാഠപുസ്തകത്തിലെ പോസ്റ്റുമാന്റെ ഫോട്ടോ കണ്ടാൽ ഏതൊരു മലയാളിയും ഒന്ന് അന്തം വിടും. കാരണം പുസ്തകത്തിലെ പോസ്റ്മാൻ ആരെന്നല്ലേ, നമ്മുടെ സ്വന്തം ചോക്ക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ. കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തിലാണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോ ‘പോസ്റ്റുമാന്‍’ എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്. കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ഒരിടത്തൊരു പോസ്റ്റുമാൻ

എന്ന സിനിമയിലെ താരത്തിന്റെ ചിത്രമാണിത്. 2010ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി അസീസ് ആണ്. ചിത്രം അൽപനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇതോടെ പ്രതികരണവുമായി ചാക്കോച്ചൻ തന്നെ നേരിട്ടെത്തി. ‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി. പണ്ട് കത്തുകള്‍ കൊണ്ടു തന്ന പോസ്റ്റുമാന്‍റെ പ്രാർഥന.’ എന്നാണ് പോസ്റ്മാന്റെ ചിത്രം പങ്കുവച്ച് കൊണ്ട് ചാക്കോച്ചന്‍ ഫേസ്ബുക്കിൽ കുറിച്ചു.

ചിത്രത്തിൻറെ താഴെ ആരാധകരുടെ കമെന്റുകൾ നിറയുകയാണ്. താരങ്ങൾ ഉൾപ്പെടെ നിരവധിപേർ രസകരമായ കമന്‍റുകള്‍ പങ്കുവച്ചു. “അപ്പോൾ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്”, എന്നാണ് ആന്‍റണി വര്‍ഗീസ് ഫോട്ടോയ്ക്ക് കമന്റ് ഇട്ടത്. ‘ബ്രോ സേഫ് ആയി അങ്ങനെ’; എന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്‍റണിയുടെ കുറിച്ചു. ഇത്രയും ലക്ഷണമൊത്ത ഒരു പോസ്റ്റുമാനേ അടുത്തെങ്ങും കണ്ടിട്ടില്ല എന്ന് മിഥുൻ രമേശും കമെന്റ് ഇട്ടു.

ഇനിയങ്ങോട്ട് എങ്ങനാ? ലീവൊക്കെ കിട്ടുമോ? പടങ്ങൾ എഴുതണോ വേണ്ടയോ എന്നറിയാനാ..!! എന്നാണ് മിഥുൻ മാനുവൽ തോമസ് എഴുതിയത്. മുംബൈയിലെ പോസ്റ്റ് ഓഫിസിലെ ഫ്ലെക്സിൽ കുഞ്ചാക്കോ ബോബന്റെ ചിത്രം എഡിറ്റ് ചെയ്ത് കയറ്റിയും ആരാധകർ കമന്റ് ബോക്സിൽ അയക്കുന്നുണ്ട്. എന്തായാലും ആരാധകർക്കും ചാക്കോച്ചനും ഏറെ ആഘോഷിക്കാനുള്ള വക തന്നെയാണ് കർണാടക സർക്കാർ ഒരുക്കിയത്.